വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

August 5, 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് മഴ കനക്കുകയാണ്. അപകടമേഖലകളിൽ അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളുമായി ഉണ്ട്. ഇപ്പോഴിതാ കനത്ത മഴയെത്തുടർന്ന് തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിൽ കുടുങ്ങിയ 3 ഗര്‍ഭിണികളെ വെള്ളക്കെട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി അധികൃതർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.

കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഗർഭിണികളെ വനംവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റിയിട്ടുള്ളതായും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം ഇവരിൽ ഒരു സ്ത്രീ കാട്ടില്‍ വെച്ചുതന്നെ പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

Read also: കാർലോസ് ആയി ജോജു ജോർജ്, അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രം ‘പീസ്’ റിലീസിനൊരുങ്ങുന്നു; ശ്രദ്ധനേടി ട്രെയ്‌ലർ

പ്രസവിച്ച സ്ത്രീയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയിട്ടുണ്ട്.

Story highlights: Kerala police rescued 3 Pregnant women trapped near jungle