“ഏഷ്യ കപ്പിൽ കോലി ഫോം വീണ്ടെടുക്കും..”; പ്രതീക്ഷ പങ്കുവെച്ച് സൗരവ് ഗാംഗുലി
തന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്താനുള്ള കടുത്ത പരിശ്രമത്തിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു കോലി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഏഷ്യ കപ്പിന് തിരിച്ചു വരവിനൊരുങ്ങുകയാണ്. ഏഷ്യ കപ്പിൽ വീണ്ടും ഫോം കണ്ടെത്താൻ കഴിയുമെന്നാണ് താരത്തിന്റെ ആത്മവിശ്വാസം.
കോലി ഏഷ്യ കപ്പിൽ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി പറയുന്നത്. ധാരാളം റൺസ് അടിച്ചു കൂട്ടിയ ഇന്ത്യയുടെ വലിയ താരങ്ങളിലൊരാളാണ് കോലിയെന്നും സെഞ്ചുറി നേടുന്നതിനപ്പുറം ഫോം വീണ്ടെടുക്കാനാവും താരം ശ്രമിക്കുകയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.
Read More: ഫിഫ വിലക്കിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സും; അടുത്ത വിദേശ താരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് സൂചന
സ്പിൻ ബൗളേഴ്സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലുണ്ട്.
Story Highlights: Kohli will be back in form according to ganguly