‘പൂവേ, നീ മിഴിയിതള് തേടി വന്നു’- ‘കുടുക്ക് 2025’ലെ മനോഹര ഗാനം

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ ശ്രദ്ധേയം. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് കൃഷ്ണ ശങ്കർ പുതിയ ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ കുടുക്ക് ഗാനം വളരെയേറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ മറ്റൊരു മനോഹര ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
‘അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025-ലെ കഥയാണ് പറയുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദുർഗ കൃഷ്ണ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളോടെ സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.വളരെ പരിമിതമായ സാധ്യതകളിൽ നിന്നുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന ചിത്രമായിരിക്കും ‘കുടുക്ക് 2025’.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് കൃഷ്ണ ശങ്കർ. പ്രേമം എന്ന ചിത്രത്തിലെ കോയ എന്ന കഥാപാത്രമാണ് കൃഷ്ണ ശങ്കറിനെ ശ്രദ്ധേയനാക്കിയത്. മരുഭൂമിയിലെ ആന, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അള്ള് രാമേന്ദ്രൻ, മണിയറയിലെ അശോകൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൃഷ്ണ ശങ്കർ കൈകാര്യം ചെയ്തിട്ടുണ്ട്.
Story highlights- kudukkumovie song out now