ദേവദൂതർ പാടി… ചാക്കോച്ചന്റെ പാട്ടിനൊപ്പം ബസിനുള്ളിൽ നൃത്തം ചെയ്യാൻ ശ്രമിച്ച് കുരുന്ന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രെൻഡായതാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനവും അതിന്റെ നൃത്തരംഗങ്ങളും. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകരും ഈ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്. താരത്തിന് പിന്നാലെ താരത്തിന്റെ ചുവടുകളെ അനുകരിച്ചുകൊണ്ട് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന്റെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ഒരു കുഞ്ഞുമോൾ.
ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വാഹനത്തിലെ ടിവിയിൽ ഈ പാട്ട് കേട്ടത്. ഉടൻതന്നെ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ടുതന്നെ സ്റ്റെപ്പിടാൻ തുടങ്ങി ഈ കുരുന്ന്. ‘അമ്മേ എന്നെ വിടൂ….ഞാൻ ഒരു ഡാൻസ് കളിക്കട്ടെ…’ എന്ന ക്യാപ്ഷനോടെയാണ് കുരുന്നിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ കുഞ്ഞുമോളുടെ ഡാൻസിനെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്.
അതേസമയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോയുടെ ഡാൻസിനെ പറ്റി താരം നേരത്തെ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു താരത്തിന്റെ ഈ നൃത്ത വിഡിയോ.
Story highlights: Kunchakko Boban little fan girl imitates devadoothar paadi in the bus