“മീനൂട്ടിയോട് ഒരു ചോദ്യം..”; മീനാക്ഷിയെ കുഴപ്പിക്കുന്ന ചോദ്യവുമായി എം.ജി.ശ്രീകുമാർ, ചിരിയോടെ എതിരേറ്റ് പാട്ടുവേദി

August 24, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത കുഞ്ഞു താരമാണ് മീനാക്ഷി. ബാലതാരമായി വന്ന് മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ മീനാക്ഷി സിനിമാനടി എന്നതിലുപരി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് ശ്രദ്ധേയയായിരിക്കുന്നത്.

ഇപ്പോൾ മീനാക്ഷിയെ കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ് എം.ജി.ശ്രീകുമാർ. പാട്ടുവേദിയുടെ പ്രിയ ഗായിക അസ്‌നക്കുട്ടിയുടെ അതിമനോഹരമായ ആലാപനത്തിന് ശേഷമായിരുന്നു മീനാക്ഷിയോടുള്ള ചോദ്യം. മലയാളികളുടെ പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ മനോഹരമായ ഒരു ഗാനമാണ് അസ്‌നക്കുട്ടി വേദിയിൽ ആലപിച്ചത്. ‘സിന്ധു’ എന്ന ചിത്രത്തിലെ “തേടി തേടി ഞാനലഞ്ഞു, പാടി പാടി പാടി ഞാൻ തിരഞ്ഞു..” എന്ന പാട്ടാണ് അസ്‌ന പാടിയത്. എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്.

ഈ ഗാനത്തിൻറെ ഒരു ഭാഗത്തിലുള്ളത് പോലെ സംഗീതം മറ്റൊരു ഗാനത്തിലുമുണ്ടെന്നാണ് എം.ജി.ശ്രീകുമാർ പറയുന്നത്. പ്രശസ്‌ത സംഗീതജ്ഞനായ ജെറി അമൽദേവിന്റെ ഒരു പാട്ടാണതെന്ന് കൂട്ടിച്ചേർത്ത ഗായകൻ ആ പാട്ടേതാണെന്നാണ് മീനാക്ഷിയോട് ചോദിക്കുന്നത്. പാട്ടുവേദിയിലെ രസകരമായ ഒരു നിമിഷമായി ഇത് മാറുകയായിരുന്നു.

Read More: “ഒതുങ്ങിയിരിക്കും, പക്ഷെ വേദിയിൽ വന്നാൽ ഒരു കത്തികയറലാണ്..”; അക്ഷിതിനെ പ്രശംസ കൊണ്ട് മൂടി ജഡ്‌ജസ്

ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയ മീനൂട്ടി ഇന്ന് മലയാളികളുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. പത്താം ക്ലാസ് റിസൾട്ട് വന്നപ്പോൾ രസകരമായ വാക്കുകളിലൂടെയാണ് മീനൂട്ടി തന്റെ വിജയം ആരാധകരെ അറിയിച്ചത് ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് ഈ മിടുക്കി കുറിച്ചിരുന്നത്. ഫിസിക്‌സിനായിരുന്നു മീനാക്ഷി ബി പ്ലസ് നേടിയത്. പുനർ മൂല്യനിർണയം നടത്തിയപ്പോൾ ആ ബി പ്ലസ് ഗ്രേഡ് എ ആയി മാറിയിരുന്നു.

Story Highlights: M.g.sreekumar question to meenakshi