മലയൻകുഞ്ഞ് ഒടിടിയിലേക്ക്; റിലീസ് ഓഗസ്റ്റ് 11 ന്
ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്. മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.
തിയേറ്ററുകളിലെ പ്രദർശനം വിജയകരമായി തുടരുമ്പോൾ തന്നെ ഒടിടിയിലേക്ക് എത്തുകയാണ് മലയൻകുഞ്ഞ്. ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓഗസ്റ്റ് 11 നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ആമസോൺ പ്രൈം വഴിയാണ് ചിത്രം ലോകമെങ്ങും ഓൺലൈനായി റിലീസ് ചെയ്യുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തിയത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. ഒരു സര്വൈവല് ത്രില്ലറായ ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.
ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. ഫഹദിനൊപ്പം രജിഷ വിജയൻ, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്.
Read More: ഇന്ത്യൻ 2 വിൽ നെടുമുടി വേണുവിന്റെ രംഗങ്ങൾ മറ്റൊരു മലയാള നടൻ പൂർത്തിയാക്കിയേക്കുമെന്ന് സൂചന
ലോകപ്രശസ്ത സംഗീതജ്ഞൻ ഏ.ആർ.റഹ്മാനാണ് മലയൻകുഞ്ഞിന് സംഗീതമൊരുക്കിയത്. 30 വർഷങ്ങൾക്ക് ശേഷം ഏ.ആർ. റഹ്മാൻ സംഗീതം നൽകുന്ന മലയാളം ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. ഡയലോഗുകൾ വളരെ കുറവുള്ള ചിത്രത്തിന്റെ രണ്ടാം പകുതി ഏറെക്കുറെ മുഴുവനായും മുൻപോട്ട് കൊണ്ട് പോകുന്നത് റഹ്മാന്റെ സംഗീതമാണ്.
Story Highlights: Malayankunju ott release