ഇന്ത്യൻ 2 വിൽ നെടുമുടി വേണുവിന്റെ രംഗങ്ങൾ മറ്റൊരു മലയാള നടൻ പൂർത്തിയാക്കിയേക്കുമെന്ന് സൂചന

August 9, 2022

വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കമൽ ഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2.’ തമിഴിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയ ശങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം കൂടിയാണ് ചിത്രം. ശങ്കർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്തരിച്ച നടൻ നെടുമുടി വേണുവും ചിത്രത്തിന്റെ ഭാഗമായിരുന്നു. ആദ്യ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയ താരം രണ്ടാമത്തെ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇപ്പോൾ നാളുകൾക്ക് ശേഷം ഇന്ത്യൻ 2 ഷൂട്ടിങ് പുനരാരംഭിക്കുമ്പോൾ നെടുമുടി വേണുവിന്റെ ഭാഗങ്ങൾ മറ്റൊരു നടൻ പൂർത്തിയാക്കുമെന്നാണ് സൂചന. താരത്തോട് രൂപ സാദൃശ്യമുള്ള നടൻ നന്ദു പൊതുവാൾ നെടുമുടി വേണുവിന്റെ ബാക്കി രംഗങ്ങളിൽ അഭിനയിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

അതേ സമയം കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’

Read More: ഒടിഞ്ഞ കാലുമായി സുദേവിന്റെ നൃത്തം; അമ്മ വന്നപ്പോൾ ട്വിസ്റ്റ്- വിഡിയോ

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Actor nandu pothuval will complete Nedumudi venu’s portions in indian 2