ബാബുക്കയുടെ പാട്ട് താളത്തിൽ പാടി മേഘ്‌നക്കുട്ടി, വിധികർത്താക്കൾക്കായി അല്പം തമിഴ് ഡയലോഗുകളും- വിസ്‌മയമായി കുഞ്ഞുപാട്ടുകാരി

August 15, 2022

പാട്ടിനെ സ്നേഹിക്കുന്ന മലയാളികൾക്ക് മുഴുവൻ പ്രിയങ്കരിയായി മാറിയ കൊച്ചുഗായികയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞുമിടുക്കി മേഘ്‌ന സുമേഷ്. അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം പാടുന്ന പാട്ടുകളിൽ മുഴുവൻ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന ഈ ഗായികയുടെ പാട്ടിനൊപ്പം മേഘ്‌നക്കുട്ടിയുടെ രസകരമായ സംഭാഷണങ്ങളും കേൾക്കാനായി കാത്തിരിക്കാറുണ്ട് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ ടോപ് സിംഗർ ഫൈനലിലേക്കടുക്കുമ്പോൾ അതിഗംഭീരമായ പാട്ടുമായി എത്തുകയാണ് മേഘ്‌ന. ‘മുടിയനായ പുത്രൻ’ എന്ന ചിത്രത്തിലെ ‘പുൽമാടമാണേലും പൂമേടയാണെലും പൊന്നോടു മേയണ പൂനിലാവേ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ…’ എന്ന ഗാനമാണ് മേഘ്‌ന ആലപിക്കുന്നത്.

പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകി ശാന്താ പി നായർ ആലപിച്ച ഗാനമാണ് മേഘ്‌നക്കുട്ടി പ്രേക്ഷകർക്കായി വേദിയിൽ ആലപിക്കുന്നത്. ഗംഭീരമായ ആലാപനത്തിനൊപ്പം ഈ കുഞ്ഞുമോളുടെ ഉച്ഛാരണത്തേയും പ്രശംസിക്കുന്നുണ്ട് വേദിയിലെ വിധികർത്താക്കൾ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ പാടി ആരാധകരെ നേടിയതാണ് മേഘ്ന. പലപ്പോഴും ചിന്തിക്കാൻ പോലും കഴിയാത്ത അക്ഷര സ്ഫുടതയിലും സർഗ്ഗ വൈഭവത്തിലുമാണ് ഈ കുഞ്ഞുമോളുടെ ആലാപനം. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആലാപന ശുദ്ധികൊണ്ടും കുസൃതി നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞ്. 

ഇത്തവണയും പാട്ടിനൊപ്പം താൻ കോയമ്പത്തൂരിൽ പോയതിനെക്കുറിച്ചും തമിഴ് പഠിച്ചതിനെക്കുറിച്ചുമൊക്കെ ജഡ്ജസിനോട് പറയുന്നുണ്ട് ഈ കുഞ്ഞുമോൾ. തമിഴിൽ വാക്കുകൾ പറയുകയും ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുകയുമൊക്കെ ചെയ്യുന്ന മേഘ്‌നക്കുട്ടിയുടെ രസകരമായ എപ്പിസോഡ് കാണാം.

Story highlights: Meghna sings MS Baburaj’s song with funny Tamil dialogues