നാല് ഭാഷകളിൽ മോഹൻലാലിൻറെ ‘ഋഷഭ’ ഒരുങ്ങുന്നു; ദുബായിൽ പ്രഖ്യാപനം നടത്തി താരം

August 27, 2022

ഒരു വലിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് അടക്കം നാല് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. ‘ഋഷഭ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ദുബായിൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തെ പറ്റി സംസാരിച്ചത്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം സൈൻ ചെയ്തുവെന്നും അതിന് വേണ്ടിയാണ് ദുബായിൽ വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ആശീർവാദിന്റെ ഒരു കമ്പനി ദുബായിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു.

ബറോസ് ഷൂട്ടിംഗ് പൂർത്തിയായെന്നും എമ്പുരാൻറെ ഷൂട്ടിംഗ് അധികം വൈകാതെ തുടങ്ങുമെന്നും മോഹൻലാൽ പറഞ്ഞു. ജീത്തു ജോസഫിന്റെ റാമിന്റെ ഷൂട്ടിംഗ് യുകെ, മൊറോക്കോ, ടുണീഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ആരംഭിക്കാൻ പോവുകയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് റാമിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Read More: “സമ്മർദ്ദങ്ങൾക്കിടയിലും കൂളായൊരാൾ..”; ശ്രീലങ്കയിലെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി എടുത്ത സെൽഫി പങ്കുവെച്ച് ഛായാഗ്രാഹകൻ സുജിത് വാസുദേവ്

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Mohanlal announces big budget movie