ജയസൂര്യയുടെ കടമറ്റത്ത് കത്തനാരെ അവതരിപ്പിച്ച് മോഹൻലാൽ; ഒപ്പം താരത്തിന് പിറന്നാളാശംസയും

August 31, 2022

ഏഴോളം ഇന്ത്യൻ ഭാഷകളിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് ‘കത്തനാർ.’ ജയസൂര്യയെ നായകനാക്കി ‘ഹോം’ സിനിമയിലൂടെ പ്രശസ്‌തനായ റോജിൻ തോമസാണ് ചിത്രമൊരുക്കുന്നത്. കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്.

ഇപ്പോൾ കത്തനാരുടെ ഒരു പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ജയസൂര്യയ്ക്ക് പിറന്നാളാശംസ നേർന്ന് കൊണ്ടാണ് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഇന്നായിരുന്നു ജയസൂര്യയുടെ നാൽപത്തി നാലാം പിറന്നാൾ. “പ്രിയപ്പെട്ട ജയസൂര്യയ്ക്ക് പിറന്നാളാശംസകൾ. വരാനിരിക്കുന്ന ‘കത്തനാർ’ എന്ന ചിത്രത്തിന് എല്ലാ ആശംസകളും”- കത്തനാരുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചു.

ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഏഴ് ഭാഷകളിലാവും ചിത്രം തിയേറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

നേരത്തെ ചിത്രത്തെ പറ്റി സംവിധായകൻ റോജിൻ തോമസ് മനസ്സ് തുറന്നിരുന്നു. “ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണ്ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴു ഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്‍റെ പ്രീ പ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും” ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സംവിധായകൻ കുറിച്ചു.

Read More: വയനാട്ടിലെ കാടിന്റെ മക്കൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി

Story Highlights: Mohanlal birthday wish for jayasurya