ഹർ ഘർ തിരംഗയുടെ ഭാഗമായി മോഹൻലാലും; വീട്ടിൽ ദേശീയ പതാക ഉയർത്തി താരം
സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി രാജ്യത്തെ വീടുകളിലൊക്കെ ദേശീയ പതാക ഉയരുകയാണ്. നിരവധി പ്രമുഖരും ഈ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്.
ഇപ്പോൾ നടൻ മോഹൻലാലും പരിപാടിയുടെ ഭാഗമായി സ്വന്തം വീട്ടിൽ പതാക ഉയർത്തിയിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ പതാക ഉയർത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച മോഹൻലാലിൻറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായാണ് ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത്. മോഹൻലാൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സംവിധായകൻ മേജർ രവിയും മോഹൻലാലിനെ അനുഗമിച്ചിരുന്നു.
Read More: ‘ശരീരത്തിൽ ദേശഭക്തി പടർന്നു കയറിയ നിമിഷം..’; ഇന്ത്യൻ നാവികസേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സൽമാൻ ഖാൻ
ഭീമാകാരനായ ഈ കപ്പലിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സല്യൂട്ട് ചെയ്യുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഐഎൻഎസ് വിക്രാന്ത് കടലിൽ എപ്പോഴും ജയശാലിയാകട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കൊച്ചിന് ഷിപ്പ്യാർഡ്. 2009 ലാണ് കപ്പലിന്റെ നിർമ്മാണം കൊച്ചിയിൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ ഐഎൻഎസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവിക സേനയുടെ ഭാഗമാവും.
Story Highlights: Mohanlal hoists the national flag in his house