മകളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നത് പ്രിയ സുഹൃത്തുക്കൾ; അച്ഛൻ എന്ന നിലയിൽ അഭിമാന നിമിഷമെന്ന് മോഹൻലാൽ

August 18, 2022

നടൻ മോഹൻലാലിൻറെ മകൾ വിസ്‌മയ ഒരു കവയിത്രി കൂടിയാണ്. വിസ്‌മയയുടെ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായിരുന്നു ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.’ ഇപ്പോൾ സമാഹാരത്തിന്റെ മലയാള പരിഭാഷ പ്രകാശനത്തിനൊരുങ്ങുകയാണ്. സംവിധായകരായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് നാളെ പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്.

മോഹൻലാൽ തന്നെയാണ് ഒരു കുറിപ്പിലൂടെ പുസ്‌തകത്തിന്റെ പ്രകാശനത്തെ പറ്റി ആരാധകരെ അറിയിച്ചത്. അച്ഛൻ എന്ന നിലയിൽ തനിക്കേറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നാണ് മോഹൻലാൽ പറയുന്നത്.

“എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read More: “വഴിയിൽ കുഴി ഇല്ല, എന്നാലും വന്നേക്കണേ..”; രസകരമായ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ ചിത്രം

അതേ സമയം ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Story Highlights: Mohanlal shares happiness about his daughter’s poetry collection