“വഴിയിൽ കുഴി ഇല്ല, എന്നാലും വന്നേക്കണേ..”; രസകരമായ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ ചിത്രം

August 18, 2022

തിയേറ്ററുകളിൽ പ്രേക്ഷകരുടെ കൈയടിയും മികച്ച നിരൂപക പ്രശംസയും നേടി വിജയകരമായി പ്രദർശനം തുടരുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്.’ റീലീസ് ചെയ്‌ത്‌ അഞ്ച് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്. ചിത്രം മറ്റ് രാജ്യങ്ങളിലും റിലീസിനൊരുങ്ങുകയാണ്.

ഇപ്പോൾ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്ററാണ് കൗതുകമുണർത്തുന്നത്. യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ റിലീസിന് വേണ്ടിയാണ് ഇപ്പോൾ പുതിയ പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. “തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ ! എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിന്റെ തലക്കെട്ട് പ്രേക്ഷകരിൽ ചിരി പടർത്തുകയാണ്. നേരത്തെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനോട് അനുബന്ധിച്ച് ചില വിവാദങ്ങൾ ഉയർന്നിരുന്നു.

നായകൻ കുഞ്ചാക്കോ ബോബന്റെ ഒരു വൈറൽ ഡാൻസോട് കൂടിയാണ് ചിത്രം ശ്രദ്ധേമായി മാറിയത്. “ദേവദൂതർ പാടി..” എന്ന ഗാനത്തിന് ചുവട് വെച്ച കുഞ്ചാക്കോ ബോബൻ വളരെ ചെറിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്.

Read More: അമ്പാടി കണ്ണനായി അനുശ്രീ; ശ്രീകൃഷ്‌ണ ജയന്തി ദിനത്തിൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

ചിത്രത്തിലെ ഡാൻസിനെ പറ്റി താരം നേരത്തെ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നും തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു. എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെക്കുറിച്ചുള്ള രസകരമായ ഒരു പത്ര വാർത്തയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Story Highlights: Nna than case kode new poster