അമ്പാടി കണ്ണനായി അനുശ്രീ; ശ്രീകൃഷ്‌ണ ജയന്തി ദിനത്തിൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

August 18, 2022

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്‌ലസി’ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ ശ്രീകൃഷ്‌ണ ജയന്തി ദിനമായ ഇന്ന് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്‌ണന്റെ വേഷത്തിലുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്.

“ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ..അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ…” -ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അനുശ്രീ കുറിച്ചു.

അതേ സമയം മോഹൻലാലിൻറെ ട്വൽത് മാനാണ് അനുശ്രീയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്‌ത ചിത്രം സംവിധാനം ചെയ്‌തത്‌ ജീത്തു ജോസഫാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ഒടിടി പ്ലാറ്റ്‌ഫോമിൽ വമ്പൻ വിജയമായ ദൃശ്യം 2 വിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയായിരുന്നു സിനിമ പ്രേക്ഷകർക്ക് ചിത്രത്തിന് മേലുണ്ടായിരുന്നത്.

Read More: ചടുലമായ നൃത്തച്ചുവടുകളുമായി അഹാനയും സഹോദരിമാരും-വിഡിയോ

ഒരു മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ ചിത്രം വലിയ വിജയമായി മാറുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനും അനുശ്രീക്കും പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു സിത്താര, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിരുന്നു.

Story Highlights: Anusree shares sree krishna jayanthi photoshoot