മോഹൻലാലിൻറെ ‘മോൺസ്റ്റർ’ എത്തുന്നു; പുലിമുരുകൻ ടീമിന്റെ ചിത്രം റിലീസിനൊരുങ്ങുന്നു

August 11, 2022

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്‌ണ തന്നെയാണ്. മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പൂജ അവധിക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. അങ്ങനെയാണെങ്കിൽ സെപ്റ്റംബർ 30 ന് ചിത്രം റിലീസ് ചെയ്‌തേക്കും.

അതേ സമയം ജീത്തു ജോസഫിന്റെ റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Read More: വൻ ജനത്തിരക്ക് കാരണം പ്രൊമോഷൻ നടത്താതെ മടങ്ങി തല്ലുമാല ടീം; സ്നേഹത്തിന് ലൈവിൽ നന്ദി പറഞ്ഞ് ടൊവിനോ

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ, പാരീസ് എന്നീ നഗരങ്ങളൊക്കെ ചിത്രത്തിന്റെ വിദേശ ലൊക്കേഷനുകളാണ്.

Story Highlights: Monster all set to be released