വൻ ജനത്തിരക്ക് കാരണം പ്രൊമോഷൻ നടത്താതെ മടങ്ങി തല്ലുമാല ടീം; സ്നേഹത്തിന് ലൈവിൽ നന്ദി പറഞ്ഞ് ടൊവിനോ

August 11, 2022

വമ്പൻ ജനക്കൂട്ടം കാരണം പ്രമോഷൻ പരിപാടി നടത്താൻ കഴിയാതെ മടങ്ങി തല്ലുമാല ടീം. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഹൈലൈറ്റ് മാളിലാണ് ചിത്രത്തിന്റെ പ്രൊമോഷൻ നടത്താനിരുന്നത്. എന്നാൽ വലിയ ജനത്തിരക്കാണ് മാളിന് അകത്തും പുറത്തും ഉണ്ടായിരുന്നത്.ഇതോടെ പരിപാടി ഉപേക്ഷിക്കാൻ തല്ലുമാല ടീം നിർബന്ധിതരാവുകയായിരുന്നു.

ജീവിതത്തിൽ താൻ ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ടൊവിനോ ഇൻസ്റ്റാഗ്രാം ലൈവിൽ പ്രതികരിച്ചു. ഈ ആൾക്കൂട്ടത്തെ തിയേറ്ററിലും പ്രതീക്ഷിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തിരക്കിൽ പെട്ട് പോയ വണ്ടിയിൽ ഇരുന്ന് കൊണ്ട് തന്നെയാണ് താരം ലൈവിൽ വന്നത്.

അതേ സമയം നാളെയാണ് തല്ലുമാല തിയേറ്ററുകളിലെത്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ചിത്രത്തിനുള്ളതെന്നാണ് നേരത്തെ റിലീസ് ചെയ്‌ത ട്രെയ്‌ലറും പാട്ടുകളുമൊക്കെ സൂചിപ്പിക്കുന്നത്.

Read More: അച്ഛന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ, ശ്രദ്ധനേടി വിഡിയോ

മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് നേരത്തെ റിലീസ് ചെയ്‌ത ട്രെയ്‌ലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ട്രെയ്‌ലറിൽ ചിരി പടർത്തുന്നുണ്ട്.

Story Highlights: Thallumala team cancels kozhikode promotion