‘കേസ് കൊടുക്കൂല്ലാന്നുള്ള ധൈര്യമാണോ സാറേ..?’- ‘ന്നാ താൻ കേസ് കൊട്’ ട്രെയ്ലർ

മികച്ച സിനിമകളുടെ ഭാഗമാകുന്ന തിരക്കിലാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒട്ടേറെ ചിത്രങ്ങളാണ് പ്രതീക്ഷ നൽകി റിലീസിന് തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ, ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ട്രെയ്ലർ എത്തിയിരിക്കുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’.
വളരെ പ്രസക്തമായൊരു വിഷയം സരസമായി അവതരിപ്പിക്കുകയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും നിയമനടപടികളുമൊക്കെയാണ് ചിത്രമെന്ന സൂചനയുമുണ്ട്.
അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. മോഷ്ടാവാണ് ഈ കഥാപാത്രം. വേറിട്ട ലുക്കിലുമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ലുക്ക് സിനിമാസ്വാദകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ സൂപ്പർ ഡീലക്സ് ഫെയിം ഗായത്രി ശങ്കർ നായികയായി എത്തുമ്പോൾ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവൻ ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
കരിയറിൽ ഒരു ചോക്ലേറ്റ് നായകനായാണ് തുടക്കമെങ്കിലും താരം വഴിമാറി സഞ്ചരിച്ചുകഴിഞ്ഞു. ഒട്ടേറെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെയും ത്രില്ലർ ചിത്രങ്ങളുടെയും ഭാഗമായി കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. അതേസമയം, ‘എന്താടാ സജി’, ‘നീലവെളിച്ചം’, ‘പത്മിനി’, ‘ഒറ്റ്’, ‘അറിയിപ്പ്’, ‘2403 ഫീറ്റ്’ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘ന്നാ, താൻ കേസ് കൊട്’ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.
Story highlights- nna than case kodu trailer