ത്രില്ലടിപ്പിച്ച് ചാക്കോച്ചന്റെ ‘ഒറ്റ്’ സിനിമയുടെ ട്രെയ്‌ലറെത്തി; റിലീസ് ചെയ്‌തത്‌ മമ്മൂട്ടി

August 20, 2022

കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകന്മാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഒറ്റ്.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ‘തീവണ്ടി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. 25 വർഷങ്ങൾക്ക് ശേഷം ഒറ്റിലൂടെ അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. മികച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മാസ്സ് ലുക്കിലാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ പുറത്തു വിട്ടത്.

ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ബോളിവുഡ് നടൻ ജാക്കി ഷെറോഫും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആടുകളം നരേന്‍, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുന്നത്.

Read More: “സിനിമ സ്വപ്‌നം കാണുന്നവർക്ക് ലുക്മാൻ ഒരു പ്രതീക്ഷയാണ്..”; സംവിധായകൻ തരുൺ മൂർത്തിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്. സംഗീതവും ബി.ജി.എമ്മും നിര്‍വഹിച്ചിരിക്കുന്നത് എ.എച്ച്. കാശിഫാണ്. കൈലാസ് മേനോനാണ് ട്രെയ്‌ലറിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായാഗ്രാഹണം- ഗൗതം ശങ്കര്‍. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. ആക്ഷന്‍: സ്റ്റണ്ട് സില്‍വ.

Story Highlights: Ottu movie trailer released