“സിനിമ സ്വപ്‌നം കാണുന്നവർക്ക് ലുക്മാൻ ഒരു പ്രതീക്ഷയാണ്..”; സംവിധായകൻ തരുൺ മൂർത്തിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

August 20, 2022

തല്ലുമാല തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ ഏറെ കൈയടി വാങ്ങുന്നത് യുവതാരം ലുക്മാനാണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ച്ചവെയ്ക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തുകൊണ്ടിരിക്കുകയാണ് ഈ നടൻ. നേരത്തെ സുഡാനി ഫ്രം നൈജീരിയ, ഉണ്ട, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ വലിയ കൈയടിയാണ് ലുക്മാന് നേടിക്കൊടുത്തത്. ഇപ്പോൾ തല്ലുമാലയിലും അസാമാന്യ പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്.

ഇപ്പോൾ ലുക്മാനെ പറ്റി സംവിധായകൻ തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. സിനിമ സ്വപ്‌നം കാണുന്നവർക്ക് ലുക്മാൻ പ്രതീക്ഷയുടെ വാതിലാണ് തുറന്നിടുന്നതെന്ന് പറയുകയാണ് തരുൺ.

തരുൺ മൂർത്തിയുടെ കുറിപ്പ്

“ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും…ആവേശമുണ്ട്. ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാൻ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.

പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അവനേ നായകന്മാരിൽ ഒരാളാക്കാൻ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല..അത് എന്തിനാണെന്നും അറിയില്ല… ഓപ്പറേഷൻ ജാവയിൽ വിനയ ദാസൻ ആയി കൂടെ കൂട്ടുമ്പോൾ ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്…

ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്… അതിന്റെ ഓരോ പുരോഗതിയും കാണാൻ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങൾക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണ്.

ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നിൽജയും, ധന്യയും, സജീദ് പട്ടാളവും, വിൻസിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം അസാമാന്യ ജീവിതാനുഭവമുള്ളവരാണ്… ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്ക്രീനിൽ അവർ നിങ്ങളെ അത്ഭുതപെടുത്തുന്നത്…ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുക്മാൻ നീ നടന്നു തീർത്ത വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം.

പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്..നമ്മളെ പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിൽ”- തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.

Read More: കല്യാണ തല്ലിൽ സംഭവിച്ചത്; തല്ലുമാലയിലെ ക്ലൈമാക്‌സ് സീനിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി പുതിയ വിഡിയോ

Story Highlights: Tharun moorthy facebook post about lukman