കല്യാണ തല്ലിൽ സംഭവിച്ചത്; തല്ലുമാലയിലെ ക്ലൈമാക്‌സ് സീനിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി പുതിയ വിഡിയോ

August 19, 2022

മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ടൊവിനോയുടെ ‘തല്ലുമാല.’ പ്രേക്ഷകരുടെ കൈയടി നേടി വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ആക്ഷൻ രംഗങ്ങളാണ് ‘തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് ഇന്റർവെല്ലിന് തൊട്ട് മുൻപുള്ള തിയേറ്ററിലെ അടിയും പിന്നീട് ക്ളൈമാക്‌സിലെ കല്യാണ മണ്ഡപത്തിലുള്ള അടിയും പ്രേക്ഷകരെ വലിയ രീതിയിൽ ത്രില്ലടിപ്പിച്ചിരുന്നു.

ഇപ്പോൾ ക്ലൈമാക്‌സിലെ ആക്ഷൻ സീനിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. സംഭവം തകർത്തുവെന്നും, തീപാറിയെന്നും എവിടെയോ ഒരു മിന്നൽ മുരളിയെയും പുലിമുരുകനെയുമൊക്കെ കാണാമെന്നുമൊക്കെയാണ് ആരാധകരുടെ കമൻറ്റുകൾ.

ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുള്ളത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.

Read More: ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നേരത്തെ തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരുന്നു. മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ചിത്രത്തിനുള്ളത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല.വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Thallumala behind the scene video of climax fight