മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത പി.എം.മറിയുമ്മ അന്തരിച്ചു

August 5, 2022

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ.

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.

1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍ സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു.

Read Also; വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിന്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story highlights- PM Mariumma, the first Muslim woman to get English education in Malabar passed away