“ഡാൻസിൽ പ്രഭുദേവ പരാജയം സമ്മതിച്ച നിമിഷം..”; ജോണി വാക്കർ സിനിമയിലെ രസകരമായ അനുഭവം ഓർത്തെടുത്ത് പ്രേംകുമാർ
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനാണ് പ്രേംകുമാർ. ഇന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് പ്രസിഡന്റ് കൂടിയായ താരം ഒരു സമയത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അഭിനേതാവായിരുന്നു. ഒരു സമയത്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടൻ കൂടിയായിരുന്നു താരം. കോമഡി കഥാപാത്രങ്ങൾക്കൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന പ്രേം കുമാർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
പ്രേം കുമാർ അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകരിൽ ചിരി ഉണർത്തുന്നത്. മമ്മൂട്ടിയുടെ ജോണി വാക്കർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ നടന്ന രസകരമായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് താരം. മലയാളത്തിലെ ഹിറ്റ് ഗാനമായ “ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ..” എന്ന ഗാനത്തിന് ചുവട് വയ്ക്കാനായി ഏറെ പരിശ്രമിക്കേണ്ടി വന്നുവെന്നാണ് പ്രേംകുമാർ പറയുന്നത്.
ഇന്നത്തെ പ്രശസ്ത നടനും സംവിധായകനുമായ പ്രഭുദേവ അന്ന് തന്നെ ഡാൻസ് പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രഭുദേവ പോലും പരാജയപ്പെട്ട ഡാൻസറാണ് താനെന്ന് നടൻ തമാശയായി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി തുടങ്ങുകയായിരുന്നു.
വലിയ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
Story Highlights: Prem kumar about prabhudeva