“തുളസീമാലയിതാ വനമാലീ..”; പാട്ടുവേദിയിലെ തന്റെ ഏറ്റവും മികച്ച പ്രകടനവുമായി ദേവനന്ദ, ജഡ്‌ജസിനെ വിസ്‌മയിപ്പിച്ച ആലാപനം

August 6, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ആലാപനം കൊണ്ട് വിസ്‌മയം തീർക്കുന്ന പാട്ടുകാരിയാണ് ദേവനന്ദ. വേറിട്ട മനോഹരമായ ശബ്‌ദത്തിനുടമയായ ഈ കൊച്ചു ഗായികയ്ക്ക് വലിയ പ്രശംസയാണ് പലപ്പോഴും വേദിയിലെ ജഡ്‌ജസ് നൽകാറുള്ളത്. കെ.എസ് ചിത്രയുടെ അവിസ്‌മരണീയമായ ഗാനങ്ങൾ വേദിയിൽ സ്ഥിരമായി പാടാറുള്ള ദേവനന്ദ ആ ഗാനങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയത്.

ഇപ്പോൾ കെ.എസ് ചിത്രയുടെ മറ്റൊരു ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. ‘ആകാശക്കോട്ടയിലെ സുൽത്താൻ’ എന്ന ചിത്രത്തിലെ “തുളസീമാലയിതാ വനമാലീ..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനന്ദ വേദിയിൽ ആലപിച്ചത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പാണ്.

അതിമനോഹരമായാണ് ദേവനന്ദ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടുവേദിയിലെ കൊച്ചു ഗായികയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് വിധികർത്താക്കൾ പറയുന്നത്. പൊതുവേ ഗാനങ്ങളുടെ ആലാപനത്തിന് ശേഷമാണ് ഗായകർക്ക് കൈയടി ലഭിക്കാറുള്ളതെങ്കിലും ദേവനന്ദ ഈ പാട്ട് ആലപിച്ചു തുടങ്ങുമ്പോൾ തന്നെ വലിയ കൈയടിയാണ് വിധികർത്താക്കളടക്കം നൽകുന്നത്.

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ് പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.

Read More: ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ മനസ് നിറഞ്ഞ് പാടി ശ്രീഹരി; കലാഭവൻ മണിയുടെ ഓർമകളിൽ നിറകണ്ണുകളോടെ വേദി…

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Devananda best performance on stage