പുഷ്‌പ 2 തുടങ്ങുന്നു; ചിത്രത്തിന്റെ പൂജ നാളെ

August 21, 2022

ഇന്ത്യയൊട്ടാകെ വമ്പൻ വിജയമായ പുഷ്‌പയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിക്കുകയാണ്. നാളെയാണ് ചിത്രത്തിന്റെ പൂജ. ചടങ്ങുകള്‍ ഹൈദരാബാദിലാണ് നാളെ നടക്കുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആദ്യ ഭാഗം വലിയ ഹിറ്റായി മാറിയത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 17 നാണ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് ‘പുഷ്‌പ’ റിലീസിനെത്തിയത്. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്‌പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായിരുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിട്ട ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വലിയ റെക്കോർഡിട്ടിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ട് ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി മാറുകയായിരുന്നു ഇതോടെ അല്ലു അർജുൻ.

Read More: ഫഹദ്-നസ്രിയ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികം; സൈക്കിൾ സവാരിയുടെ വിഡിയോ പങ്കുവെച്ച് നസ്രിയ

അടുത്തിടെ ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ തേരോട്ടമാണ്. ആർആർആർ, പുഷ്‌പ, കെജിഎഫ് 2 അടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങൾ ഇന്ത്യയൊട്ടാകെ വലിയ വിജയമായപ്പോൾ പല ബോളിവുഡ് സിനിമകളുടെയും വിജയത്തെ അത് സാരമായി ബാധിച്ചിരുന്നു. താരസമ്പന്നമായ കമൽ ഹാസന്റെ വിക്രമാണ് ഏറ്റവും അവസാനം വമ്പൻ വിജയം നേടിയ തെന്നിന്ത്യൻ ചിത്രം. ഇന്ത്യൻ സിനിമയിലെ മൂന്ന് ഇതിഹാസ താരങ്ങളായ കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രം കൂറ്റൻ വിജയമാണ് തിയേറ്ററുകളിൽ നേടിയത്.

Story Highlights: Pushpa 2 starts rolling