പാകിസ്ഥാൻ ആരാധകന് ആലിംഗനം നൽകി രോഹിത് ശർമ്മ; അതിരുകൾ ഭേദിക്കുന്ന സൗഹൃദവും സ്‌നേഹവുമെന്ന് ക്രിക്കറ്റ് ആരാധകർ-വിഡിയോ

August 27, 2022

നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഗ്രൗണ്ടിൽ ചിര വൈരികളാണെങ്കിലും പുറത്ത് മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇരു ടീമുകളിലെയും താരങ്ങൾ. രാഷ്‌ട്രീയപരമായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോഴും വലിയ സൗഹൃദമാണ് ഇരു രാജ്യങ്ങളിലെയും താരങ്ങളും ആരാധകരും തമ്മിലുള്ളത്.

ഇപ്പോൾ അത്തരത്തിലൊരു സ്‌നേഹ നിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ദുബായിൽ പരിശീലത്തിനെത്തിയപ്പോൾ പാകിസ്ഥാൻ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം രോഹിത് ചിത്രങ്ങൾ എടുത്തു. അതിനിടയിൽ ബാരിക്കേഡിനിപ്പുറം നിന്ന് കൊണ്ട് തന്നെ ഒരു പാക്ക് ആരാധകന് അദ്ദേഹം ആലിംഗനവും നൽകി. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

വലിയ ആവേശത്തോടെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുന്നത്. നാളെ ദുബായിലാണ് മത്സരം നടക്കുന്നത്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.

Read More: പരിശീലനത്തിൽ ബൗളർമാരെ അടിച്ചു പറത്തി കോലി; തിരിച്ചു വരവിന്റെ സൂചനകൾ നൽകി മുൻ ഇന്ത്യൻ നായകൻ

ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. സ്പിൻ ബൗളേഴ്‌സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ, ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു.

Story Highlights: Rohith Sharma friendly gesture to pakisthan fan