ഒറ്റയ്ക്ക് ജയിപ്പിച്ച് സഞ്ജു സാംസൺ; ഇന്ത്യയുടെ പുതിയ ഫിനിഷറെന്ന് ക്രിക്കറ്റ് ലോകം
സിംബാബ്വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. നിർണായക അവസരങ്ങൾ പാഴാക്കുന്നയാൾ എന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു സഞ്ജുവിന്റെ ഇന്നത്തെ ഇന്നിങ്സ്. പ്രമുഖ താരങ്ങൾ വരെ പരാജയപ്പെട്ടിടത്താണ് പക്വതയോടെ ബാറ്റ് വീശി സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
39 പന്തിൽ 43 റൺസെടുത്ത സഞ്ജു തന്നെയാണ് ഇന്നത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ഹരാരെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 162 റൻസിന്റെ വിജയലക്ഷ്യം 25.4 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ സ്കോർ 161 ൽ നിൽക്കെ സിംബാബ്വെ ബൗളർ ഇന്നസെന്റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ഷാർദുൽ ഠാകുറിന്റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Read More: സഞ്ജുവിൻറെ സൂപ്പർമാൻ ക്യാച്ച്; ധോണി രണ്ടാമനെന്ന് ക്രിക്കറ്റ് ലോകം-വിഡിയോ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 38.1 ഓവറിൽ 161 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സിംബാബ്വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്കോറർ. 47 പന്തിൽ 39 റൺസുമായി റിയാൻ ബുള് പുറത്താകാതെ നിന്നു. ഇന്നസെന്റ് കയ, സിക്കന്ദർ റാസ എന്നിവർ 16 റൺസ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.
Story Highlights: Sanju becomes man of the match against zimbabwe