“ഈസി ചേട്ടാ..”; ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള രസകരമായ മലയാള സംഭാഷണം- വിഡിയോ

August 8, 2022

സഞ്ജു സാംസൺ ഭാഗമാവുന്ന ടീമുകളിലൊക്കെ പലപ്പോഴും മലയാള സംഭാഷണങ്ങൾ സ്ഥിരമാണ്. മലയാളി താരങ്ങളായ സഞ്ജുവും ദേവദത്ത് പടിക്കലും കരുൺ നായരുമൊക്കെ പലപ്പോഴും ഗ്രൗണ്ടിൽ മലയാളം സംസാരിക്കാറുണ്ട്. സ്റ്റമ്പ് മൈക്കിൽ പതിയുന്ന ഈ സംഭാഷണങ്ങൾ പലപ്പോഴും ശ്രദ്ധേയമാവാറുമുണ്ട്..

എന്നാലിപ്പോൾ ഇന്ത്യൻ ടീമിലെ മറ്റൊരു താരം മലയാളം പറഞ്ഞതാണ് വൈറലാവുന്നത്. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടയിൽ ഋഷഭ് പന്താണ് സഞ്ജുവിനോട് മലയാളം പറഞ്ഞത്. മത്സരത്തിലെ എട്ടാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്‌ണോയുടെ പന്തില്‍ റോവ്മാന്‍ പവല്‍ സിംഗിളിന് ശ്രമിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. “ഈസി ചേട്ടാ..” എന്നാണ് ബൗൾ ഫീൽഡ് ചെയ്‌ത സഞ്ജുവിനോട് വിക്കറ്റ് കീപ്പറായ പന്ത് പറയുന്നത്. ഇന്ത്യൻ ടീമിലെ പലരെയും താൻ ചേട്ടാ എന്ന് വിളിക്കാറുണ്ടെന്ന് ഇതിന് മുൻപും സഞ്ജു പറഞ്ഞിട്ടുണ്ട്.

അതേ സമയം നാലാം ടി 20 മത്സരത്തിന് മുൻപ് നടന്ന ഒരു സംഭവവും ഇതേ പോലെ വൈറലായി മാറിയിരുന്നു. ടോസ് സമയത്ത് ഇന്ത്യൻ ടീമിലുള്ള മാറ്റങ്ങളെ പറ്റി പറയുകയായിരുന്നു നായകൻ രോഹിത് ശർമ്മ. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നതെന്ന് പറയുകയായിരുന്നു രോഹിത്. രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍ എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണും ഇന്നലെ ടീമിലുണ്ടായിരുന്നു. എന്നാൽ സഞ്ജു സാംസണിന്റെ പേര് പറഞ്ഞതോടെ അമേരിക്കയിലെ ഗാലറി ഇളകി മറിയുകയായിരുന്നു. “സഞ്ജു, സഞ്ജു..” എന്ന വിളികളാണ് ഗാലറിയിലെങ്ങും കേട്ടത്.

Read More: “ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ

ആരാധകരുടെ ആഘോഷത്തിൽ രോഹിത് ശർമ്മ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് അത് ആസ്വദിക്കുകയായിരുന്നു. ഗാലറിയിൽ നിന്നുള്ള സഞ്ജു വിളികൾക്കിടയിൽ രോഹിത് സംസാരം ഒന്ന് നിർത്തിയെങ്കിലും പിന്നീട് ചിരിയോടെ സംസാരം തുടരുകയായിരുന്നു.

Story Highlights: Sanju samson and rishabh panth malayalam conversation