സഞ്‌ജുവില്ല, വീണ്ടും ആരാധകർക്ക് നിരാശ
ഇന്നലെയാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. വലിയ പ്രതീക്ഷ തന്നെയായിരുന്നു സഞ്‌ജു സാംസണിന്റെ ആരാധകർക്ക് ഉണ്ടായിരുന്നത്. സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്‌ജു ടീമിലുണ്ടാവും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ പ്രമുഖ താരങ്ങൾ തിരിച്ചെത്തിയത് മൂലം സഞ്‌ജുവിന് ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.
സ്പിൻ ബൗളേഴ്‌സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലുണ്ട്.
Read More: “ഈസി ചേട്ടാ..”; ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള രസകരമായ മലയാള സംഭാഷണം- വിഡിയോ
അതേ സമയം ഋഷഭ് പന്തിനേയും ദിനേശ് കാർത്തിക്കിനെയും വിക്കറ്റ് കീപ്പർ ബാറ്റർമാരായിട്ടാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് സഞ്‌ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നത്.
Story Highlights: Sanju samson excluded from asia cup team