“ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്മരിപ്പിച്ച് ഷമ്മി തിലകൻ
കേരളത്തിലെ തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ വലിയ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്ന ഈ സമയത്താണ് പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും ഒരേ പോലെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ പാപ്പൻ പ്രദർശനത്തിനെത്തിയത്. വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് സൂചന. നല്ല സിനിമകൾ വന്നാൽ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുമെന്ന വാദത്തിന് അടിവരയിടുന്നതാണ് പാപ്പന്റെ വിജയം.
ഇപ്പോൾ ചിത്രത്തിലെ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷമ്മി തിലകനാണ് കൈയടി വാങ്ങുന്നത്. ചിത്രത്തിൽ കുറച്ചു സീനുകളിൽ മാത്രമേ ഷമ്മി തിലകന്റെ കഥാപാത്രമായ ഇരുട്ടൻ ചാക്കോ ഉള്ളെങ്കിൽ പോലും വലിയ പ്രശംസയാണ് നടന് ലഭിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ പിതാവായ തിലകനെ രൂപത്തിലും അഭിനയത്തിലും താരം അനുസ്മരിപ്പിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതേ കാര്യം നിരീക്ഷിച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നഷ്ടമായ തിലകൻ ചേട്ടനെ അദ്ദേഹത്തിന്റെ മകനിലൂടെ നമുക്ക് തിരികെ ലഭിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.
“നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ. പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം. മോശമാക്കില്ല. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോയും” വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു.
Read More: പായ്ക്കപ്പില്ല, പ്രാർത്ഥന മാത്രം; മോഹൻലാലിൻറെ അപൂർവ്വ നിമിഷം പകർത്തിയെടുത്ത് ഫോട്ടോഗ്രാഫർ
Story Highlights: Shammi thilakan reminds audience about thilakan