ഇത് സീതയുടെയും റാമിന്റെയും സ്നേഹം- ഹൃദയംതൊട്ട് ഒരു പ്രണയഗാനം…

August 15, 2022

പ്രണയത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം രാജ്യസ്നേഹം കൂടി പറയുന്ന ചിത്രമാണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സീതാ രാമം. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പരസ്പരം കാണാതെ കത്തുകളിലൂടെ പ്രണയം പറയുന്ന ‘കാണാത്ത ദൂരങ്ങൾ അരികയോ…’ എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിലും റിലീസ് ചെയ്ത ചിത്രത്തിലെ ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്. വിശാല്‍ ചന്ദ്രശേഖര്‍- സംഗീത സംവിധാനം. യാസിന്‍ നിസാര്‍ ആണ് പാടിയിരിക്കുന്നത്. 

ദുൽഖർ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത് മൃണാള്‍ താക്കറാണ്. ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ ചിത്രത്തിൽ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

കാശ്മീരില്‍വെച്ചാണ് സീതാ രാമത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. അതേസമയം തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. ‘മഹാനടി’ നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. മികച്ച സ്വീകാര്യതാണ് ചിത്രത്തിന് ലഭിച്ചതും.

Read also: ബാബുക്കയുടെ പാട്ട് താളത്തിൽ പാടി മേഘ്‌നക്കുട്ടി, വിധികർത്താക്കൾക്കായി അല്പം തമിഴ് ഡയലോഗുകളും- വിസ്‌മയമായി കുഞ്ഞുപാട്ടുകാരി

‘സല്യൂട്ട്’ ആണ് ദുൽഖർ നായകനായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ എത്തിയത്. റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിച്ച ചിത്രമാണ് സല്യൂട്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹേ സിനാമിക എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രിന്ദ മാസ്റ്ററാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിനും മികച്ച സ്വീകാര്യതാണ് ലഭിച്ചത്.

മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ദുൽഖറിപ്പോൾ. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്ന വരവേൽപ്പ് താരത്തോടുള്ള ആരാധകരുടെ സ്നേഹമാണ് പറയുന്നത്.

Story highlights: sita ramam love song starring dulquer salmaan and mrunal thakur