“മമ്മൂക്ക നന്ദി , വീണ്ടും വരണം..”; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീലങ്കൻ മന്ത്രി
രഞ്‌ജിത്തിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിൽ എത്തിയതായിരുന്നു മമ്മൂട്ടി. എം.ടി വാസുദേവൻ നായരുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൻറെ ഷൂട്ടിങ്ങിനാണ് നടൻ മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്.
ഇപ്പോൾ മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ. സർക്കാരിന്റെ പ്രിതിനിധിയായാണ് അദ്ദേഹം മമ്മൂട്ടിയെ കാണാൻ എത്തിയത്. ശ്രീലങ്കയിൽ സിനിമയുടെ ഷൂട്ടിങ്ങിനെത്തിയതിന് താരത്തിന് നന്ദി പറയുന്നുവെന്നും കൂടുതൽ ചിത്രങ്ങൾ ശ്രീലങ്കയിൽ വെച്ച് ചെയ്യാനായി അദ്ദേഹത്തെ ക്ഷണിക്കുന്നുവെന്നും ഹരിൻ ഫെർണാണ്ടോ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്‌തു.
Met with veteran Malayalam actor @mammukka to thank him personally for coming to SL to shoot his movie and to invite him to do more films in SL pic.twitter.com/6oXc0Eaxvz
— Harin Fernando (@fernandoharin) August 17, 2022
അതേ സമയം ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
“മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കളാണ് യഥാർഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”.- ജയസൂര്യ തൻറെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എംടിയുടെ പത്ത് കഥകളാണ് ചെറു സിനിമകളാകുന്നത്. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘ഓളവും തീരവും’ ആന്തോളജിയുടെ ഭാഗമായ മറ്റൊരു ചിത്രമാണ്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
Story Highlights: Srilankan minister meets mammootty