ജയിലറിൽ വിനായകൻറെ സാന്നിധ്യം ഉറപ്പാക്കി കാസ്റ്റിംഗ് വിഡിയോ; പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്‌ണൻ രജനീ കാന്തിനൊപ്പം

August 24, 2022

നെൽസൺ ദിലീപ്‌കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രജനീ കാന്ത് ചിത്രമായ ജയിലറിൽ ഒരു നിർണായക കഥാപാത്രമായി മലയാള നടൻ വിനായകൻ ഉണ്ടാവുമെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇപ്പോൾ വിനായകൻ ചിത്രത്തിലുണ്ടെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്‌ത ചിത്രത്തിൻറെ കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീ കാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

ഓഗസ്റ്റ് 22 നാണ് രജനീ കാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് തന്നെ റിലീസ് ചെയ്‌തിരുന്നു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Read More: “ഒരു കഥ സൊല്ലട്ടുമാ..”; ത്രില്ലടിപ്പിച്ച് ഹിന്ദി വിക്രം വേദയുടെ ടീസറെത്തി

നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ആദ്യ പോസ്റ്റർ പുറത്തു വന്നിരുന്നു. രക്തം പുരണ്ട പകുതി മുറിഞ്ഞ ഒരു വാളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ജൂൺ 17 നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഡോക്‌ടർ വലിയ വിജയമായെങ്കിലും വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയിരുന്നില്ല. എങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Story Highlights: Sun pictures confirms vinayakan casting in jailor