ചിരി നിമിഷങ്ങളുമായി ധനുഷും നിത്യ മേനോനും- ‘തിരുച്ചിത്രമ്പലം’ ട്രെയ്ലർ

ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമായ തിരുച്ചിത്രമ്പലത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൃദയസ്പർശിയായ ഒരു കോമഡി ചിത്രമായിരിക്കുമെന്ന് സൂചനയാണ് ട്രെയ്ലർ വാഗ്ദാനം ചെയ്യുന്നത്. ഡെലിവറി ബോയ് ആയാണ് ധനുഷ് എത്തുന്നത്. നിത്യ മേനോൻ ആണ് നായികയായി എത്തുന്നത്.
2014-ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് പുത്തൻ ചിത്രവും. അച്ഛനും മകനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും പിന്നീട് അത് കോമഡിയിലേക്ക് വഴിമാറുന്നതുമൊക്കെ ട്രെയിലറിൽ കാണാം. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്രൻ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച നടൻ ധനുഷിന്റെയും സംവിധായകൻ മിത്രൻ ജവഹറിന്റെയും നാലാമത്തെ ചിത്രമാണ് തിരുച്ചിത്രമ്പലം.
ധനുഷ്, പ്രകാശ് രാജ് എന്നിവരെ കൂടാതെ നിത്യ മേനോൻ, പ്രിയ ഭവാനി ശങ്കർ, റാഷി ഖന്ന, ഭാരതിരാജ, മുനിഷ്കാന്ത് എന്നിവരും തിരുചിത്രമ്പലത്തിൽ അഭിനയിക്കുന്നു. അതേസമയം, വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ വാത്തിയും ധനുഷ് നായകനായി റിലീസിന് ഒരുങ്ങുകയാണ്.
സമൂഹത്തിലെ ഏറ്റവും പ്രസക്തമായ ഒരു പ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണമാണ് സിനിമ ചർച്ച ചെയ്യുന്നത്. ധനുഷ് ബലമുരുകൻ എന്ന പേരിലുള്ള അധ്യാപകനായാണ് എത്തുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും. എസ് നാഗ വംശിയും സായ് സൗജന്യയുമാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് കൃഷ്ണൻ ഛായാഗ്രാഹകനും ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്ററുമാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Story highlights- Thiruchitrambalam Official Trailer