ട്രിപ്പിൾ ജമ്പിൽ ചരിത്രമെഴുതി മലയാളികൾ; സ്വർണ്ണവും വെള്ളിയും മലയാളി താരങ്ങൾക്ക്
ലോക കായിക ചരിത്രത്തിൽ വീണ്ടും മലയാളികളുടെ പേരുകൾ തങ്ക ലിപികളിൽ കുറിക്കപ്പെടുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയിരിക്കുന്നത് മലയാളി താരങ്ങളാണ്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം സ്വദേശി എൽദോസ് പോൾ സ്വർണ്ണം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോടുകാരൻ അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ നേടി.
നേരത്തെ ലോങ് ജമ്പിലും മലയാളി താരം ചരിത്ര നേട്ടം കുറിച്ചിരുന്നു. മലയാളി താരം ശ്രീശങ്കർ ലോങ് ജമ്പിൽ വെള്ളി നേടിയിരുന്നു. 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണ്ണം സ്വന്തമാക്കിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം. ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്. ആദ്യത്തെ മൂന്ന് ശ്രമങ്ങളിലും 8 മീറ്ററിനപ്പുറം കടക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. നാലാമത്തെ ശ്രമം ഫൗൾ ആവുകയും ചെയ്തിരുന്നു. ഒടുവിൽ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ ചരിത്ര നേട്ടം കുറിച്ചത്.
അതേ സമയം ക്രിക്കറ്റിലും മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ആവേശപ്പോരാട്ടത്തിനൊടുവിൽ സെമിഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടിയാണ് ഇന്ത്യൻ ടീം ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. കരുത്തരായ ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
Story Highlights: Triple jump gold and silver medals for keralites