ആദ്യം അമ്പരന്നു, പിന്നെ പുഞ്ചിരിച്ചു..; അമേരിക്കയിലെ സഞ്ജു ആരാധകരുടെ ആഘോഷം ആസ്വദിച്ച് നായകൻ രോഹിത് ശർമ്മ

August 7, 2022

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുന്നത്. രാത്രി 8 നാണ് മത്സരം. അതേ സമയം നാലാം ടി 20 മത്സരത്തിന് മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ടോസ് സമയത്ത് ഇന്ത്യൻ ടീമിലുള്ള മാറ്റങ്ങളെ പറ്റി പറയുകയായിരുന്നു നായകൻ രോഹിത് ശർമ്മ. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നതെന്ന് പറയുകയായിരുന്നു രോഹിത്. രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍ എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണും ഇന്നലെ ടീമിലുണ്ടായിരുന്നു. എന്നാൽ സഞ്ജു സാംസണിന്റെ പേര് പറഞ്ഞതോടെ അമേരിക്കയിലെ ഗാലറി ഇളകി മറിയുകയായിരുന്നു. “സഞ്ജു, സഞ്ജു..” എന്ന വിളികളാണ് ഗാലറിയിലെങ്ങും കേട്ടത്.

ആരാധകരുടെ ആഘോഷത്തിൽ രോഹിത് ശർമ്മ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് അത് ആസ്വദിക്കുകയായിരുന്നു. ഗാലറിയിൽ നിന്നുള്ള സഞ്ജു വിളികൾക്കിടയിൽ രോഹിത് സംസാരം ഒന്ന് നിർത്തിയെങ്കിലും പിന്നീട് ചിരിയോടെ സംസാരം തുടരുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ പിൻതുടരുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. അത് കൊണ്ട് തന്നെ സഞ്ജുവിനെ പറ്റിയുള്ള വാർത്തകളൊക്കെ പെട്ടെന്ന് ശ്രദ്ധേയമാവുകയും ചെയ്യാറുണ്ട്. ഇന്നലെ രാജസ്ഥാൻ റോയൽസ് പങ്കുവെച്ച ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

Read More: “ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ

സഞ്ജു ബൗൾ ചെയ്യുന്ന ഒരു വിഡിയോയാണ് രാജസ്ഥാൻ പങ്കുവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വളരെ അപൂർവ്വമായി മാത്രമേ ബൗൾ ചെയ്യാറുള്ളൂ. ഒരു പ്രാദേശിക മത്സരത്തിലാണ് സഞ്ജു ബൗൾ ചെയ്യുന്നത്. ഈ വിഡിയോയാണ് രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ വിഡിയോയിൽ ടാഗ് ചെയ്‌തിട്ടുണ്ട്‌. ഈ ഓഫ് സ്‌പിന്നറെ വിലയിരുത്തുന്നോ എന്നാണ് രാജസ്ഥാൻ തമാശയായി അശ്വിനോട് ചോദിക്കുന്നത്.

Story Highlights: Rohith sharma surprised by sanju fans reaction in usa