മല്ലു സിംഗിന് ശേഷം ‘ബ്രൂസ് ലീ’; വൈശാഖിനൊപ്പം ആക്ഷൻ ചിത്രവുമായി ഉണ്ണി മുകുന്ദൻ

August 18, 2022

ഉണ്ണി മുകുന്ദനെ താരപദവിയിലേക്ക് എത്തിച്ച ചിത്രമായിരുന്നു വൈശാഖിന്റെ ‘മല്ലു സിങ്.’ കുഞ്ചാക്കോ ബോബൻ, മനോജ്.കെ.ജയൻ, ബിജു മേനോൻ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2012 ലെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്ന് കൂടിയായിരുന്നു.

ഇപ്പോൾ വൈശാഖിനൊപ്പം മറ്റൊരു ചിത്രത്തിനായി കൈ കോർത്തിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ് കൃഷ്‌ണയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷൻ ഹീറോകൾക്കും ആക്ഷൻ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമർപ്പിക്കുന്നു. ഞാനും വൈശാഖ് ഏട്ടനും കൈകോർത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഉദയ് ഏട്ടന്റെ തിരക്കഥയിൽ ആദ്യമായി ഒരു നായക നടൻ. ശ്രീ ഗോകുലം ഗോപാലൻ സാറിന് എന്നിലുള്ള വിശ്വാസവും ബോധ്യവുമില്ലാതെ എന്റെ ഈ മഹത്തായ പദ്ധതി ഒരിക്കലും നടക്കില്ല. വി സി പ്രവീൺ, ബൈജു ഗോപാലൻ, കൃഷ്ണമൂർത്തി ഏട്ടൻ എന്നിവർക്ക് നന്ദി’, പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചു.

Read More: “വഴിയിൽ കുഴി ഇല്ല, എന്നാലും വന്നേക്കണേ..”; രസകരമായ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ ചിത്രം

നേരത്തെ ഉണ്ണി മുകുന്ദൻ നിർമ്മിക്കാനിരുന്ന ചിത്രമാണ് ‘ബ്രൂസ് ലീ.’ എന്നാലിപ്പോൾ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. അതേ സമയം മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രമായിരുന്നു താരം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘മേപ്പടിയാൻ.’ നവാഗതനായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ചിത്രം 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

Story Highlights: Unni mukundan and vysakh action movie