2022 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു; സ്‌പൈഡർമാൻ നായിക സെൻഡയ മികച്ച നടി, മികച്ച നടൻ ലീ ജംഗ്-ജെ

September 13, 2022

ഈ വർഷത്തെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ രംഗത്തെ ഓസ്‌ക്കാർ അവാർഡായി പരിഗണിക്കപ്പെടുന്നതാണ് എമ്മി അവാർഡ്. കഴിഞ്ഞ വർഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയാണ് അവാർഡുകൾ നൽകിയിരിക്കുന്നത്. ലോസ് ആൻജെലസിലെ മൈക്രോസോഫ്ട് തീയേറ്ററിൽ വച്ചാണ് ഈ വർഷത്തെ പുരസ്‌കാരങ്ങൾ സമർപ്പിച്ചത്. ഡ്രാമാ സീരീസ് വിഭാഗത്തിൽ മികച്ച നടിയായി സെൻഡയ കോൾമാനും ‘സ്ക്വിഡ് ഗെയി’മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം തവണയാണ് ഈ വിഭാഗത്തിൽ സെൻഡയ അവാർഡ് നേടുന്നത്. 2020 ൽ ആയിരുന്നു ഇതിനുമുമ്പ് അവാർഡ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ രണ്ട് തവണ അവാർഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെൻഡയ. ഡ്രാമാ സീരീസ് വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തിൽ വിജയിയാകുന്ന ആദ്യ ഏഷ്യൻ വംശജൻ കൂടിയാണ്.

‘സക്സഷൻ’ ആണ് മികച്ച ഡ്രാമാ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 25 വിഭാഗങ്ങളിലാണ് സക്സഷൻ നോമിനേഷൻ നേടിയത്. പതിനാല് നോമിനേഷനുകളുമായി കൊറിയൻ സീരീസ് ‘സ്ക്വിഡ് ഗെയി’മും ചരിത്രം സൃഷ്ടിച്ചു. മികച്ച നടൻ, മികച്ച സംവിധാനം(ഹ്വാങ് ഡോങ്-ഹ്യൂക്ക്), പ്രൊഡക്ഷൻ ഡിസൈൻ, സംഘട്ടനം, സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റ്സ് ഉൾപ്പടെയുള്ള അവാർഡുകൾ സീരീസ് സ്വന്തമാക്കുകയും ചെയ്തു.

കോമഡി സീരീസ് വിഭാഗത്തിൽ മികച്ച സംവിധാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ‘ടെഡ് ലാസോ’യിലെ നോ വെഡ്ഡിംഗ്സ് ആൻഡ് എ ഫ്യൂണറൽ എന്ന എപ്പിസോഡിനായി എം ജെ ഡെലനി ആയിരുന്നു. ടെഡ് ലാസോ തന്നെയാണ് മികച്ച കോമഡി സീരീസ്. കോമഡി സീരീസ് വിഭാഗത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ടെഡ് ലാസോയിലെ പ്രകടനത്തിന് ജേസൺ സുഡെക്സിനെയാണ്. ഔട്ട്സ്റ്റാൻഡിങ് ലിമിറ്റഡ് സീരിസ് പുരസ്കാരം ‘ദി വൈറ്റ് ലോട്ടസ്’ നേടി. ഡ്രാമാ സീരീസിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ജെസ്സി ആംസ്‌ട്രോംഗിനാണ്.

Read More: ഒറ്റ ചാട്ടത്തിന് കുതിരയുടെ മുകളിൽ; സിജു വിൽ‌സൺ റോപ്പ് ഉപയോഗിച്ചോ എന്ന് ചോദ്യം, കഠിനാധ്വാനമെന്ന് വിനയൻ- വിഡിയോ

സ്ട്രേഞ്ചർ തിങ്സാണ് സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, മികച്ച ശബ്ദമിശ്രണം, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പർവിഷൻ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ‘സ്റ്റാർ ലോഡ് ടി’ചാല’യിലെ കഥാപാത്രത്തിനായി അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാൻ മികച്ച വോയ്സ് ഓവറായി തെരഞ്ഞെടുത്തു. സ്ക്വിഡ് ഗെയിമിലെ അതിഥി വേഷത്തിന് ലീ യൂ-മീയും പുരസ്കാരം നേടി. ആദ്യമായാണ് ഒരു കൊറിയൻ നടി ഈ പുരസ്കാരം നേടുന്നത്.

Story Highlights: 2022 emmy awards announced