ക്ലാസ്സിനിടയിൽ ഭൂകമ്പം; പരിക്കേറ്റ സുഹൃത്തിനെ ചുമലിലേറ്റി രക്ഷപ്പെടുന്ന വിദ്യാർത്ഥി- കനിവിന്റെ കാഴ്ച

September 12, 2022

കനിവ് നിറഞ്ഞ കാഴ്ചകൾക്ക് ഈ തിരക്കേറിയ ലോകത്തും ക്ഷാമമില്ല.അതിനുള്ള ഉത്തമ ഉദാഹരണമാണ് ഭൂകമ്പത്തിനിടെ എല്ലാവരും രക്ഷപ്പെട്ടുപോകുമ്പോൾ പരിക്കേറ്റ സുഹൃത്തിനെ ക്ലാസ് മുറിയിൽ ഉപേക്ഷിക്കാത്ത ഒരു വിദ്യാർത്ഥിയുടെ വിഡിയോ. കുട്ടിയുടെ ദയയും കനിവും സമൂഹമാധ്യമങ്ങളിൽ പ്രശംസ നേടുകയാണ്. സെപ്തംബർ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എവിടെ നിന്നുള്ളതാണ് ഈ കാഴ്ച എന്ന് വ്യക്തമല്ലെങ്കിലും വിഡിയോ വളരെയധികം വൈറലായി.

ക്ലാസ് മുറിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭൂകമ്പസമയത്ത് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ, പരിക്കേറ്റ സുഹൃത്തിനെയും രക്ഷിക്കുക എന്നതായിരുന്നു ഈ കുട്ടിയുടെ ചിന്ത. മറ്റുള്ളവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ, കുട്ടി സുഹൃത്തിനെ പുറകിലേറ്റി ഉയർത്തി പടികൾ ഇറങ്ങാൻ തുടങ്ങി. കാലിനാണ് സുഹൃത്തിന് പരിക്കേറ്റിരുന്നത്.

വിദ്യാർത്ഥിയുടെ കരുതലോടെയുള്ള പ്രവർത്തി കയ്യടി നേടുകയാണ്. അതേസമയം, മനുഷ്യനേക്കാൾ കനിവും കരുതലും മൃഗങ്ങൾക്കാണെന്നു പറയാറുണ്ട്. അടുത്തിടെ അത്തരത്തിലൊരു കാഴ്ചയും ശ്രദ്ധനേടിയിരുന്നു. മൃഗങ്ങളിൽ ഏറ്റവും സ്നേഹവും കരുതലും നായകൾക്കാണ്. ഇപ്പോൾ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോൾഡ്‌ ഫിഷിനെ രക്ഷിക്കുന്ന കാഴ്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്. തറയിൽ കിടന്നു ജീവനുവേണ്ടി പിടയുന്ന രണ്ടു ഗോൾഡ് ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് തൊട്ടടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ ബൗളിലേക്ക് ഇടുകയാണ് നായ.

Story highlights- a student helping his injured friend evacuate during an earthquake