എയർ ഹോസ്റ്റസായ അമ്മയ്ക്ക് ബോർഡിങ് പാസ് കൈമാറി കുഞ്ഞു യാത്രക്കാരൻ; ഹൃദ്യമായ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

September 1, 2022

പല തരത്തിലുള്ള വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുള്ളത്. പലപ്പോഴും മനസ്സ് തൊടുന്ന ഹൃദയസ്‌പർശിയായ വിഡിയോകളാണ് ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന സമയത്തൊക്കെ ചിരിക്കാനും സന്തോഷിക്കാനുമാണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത്.

ഇപ്പോൾ അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എയർ ഹോസ്റ്റസായ അമ്മയും ബോർഡിങ് പാസുമായി അമ്മയ്ക്കരികിൽ എത്തുന്ന കുഞ്ഞുമാണ് വിഡിയോയിലെ താരങ്ങൾ. അമ്മ കുഞ്ഞിനെ വിമാനത്തിലേക്ക് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. ഫ്ലൈഗേൾ_ട്രൈഗേൾ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ചെറിയ സമയം കൊണ്ടാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒരു കുഞ്ഞ് ബോർഡിങ് പാസും കയ്യിൽ പിടിച്ച് വിമാനത്തിലേക്കു കയറുകയും എയർ ഹോസ്ററസായ അമ്മ തന്നെ കുഞ്ഞിനെ സ്വീകരിക്കുന്നതിൽ നിന്നുമാണ് വിഡിയോ തുടങ്ങുന്നത്. ‘ബോര്‍ഡിങ്ങിന്റെ സമയത്ത് ദുബായിലേക്ക് പറക്കുന്ന വലിയ വിഐപിയെ കണ്ടുമുട്ടി’ എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. കുഞ്ഞ് തന്റെ ബോർഡിങ് പാസ് അമ്മയ്ക്ക് കൈമാറുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ക്യാമറയിലേക്കു നോക്കി കുഞ്ഞ് കൈവീശി കാണിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Read More: കുഞ്ഞുങ്ങൾക്ക് ഉദ്യോഗവും ശമ്പളവും വാഗ്‌ദാനം ചെയ്‌ത്‌ ജപ്പാൻ; ജോലി അതീവ രസകരം…

അതേ സമയം രസകരമായ മറ്റൊരു വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയത്. ഒരു കൊറിയൻ കുട്ടിക്ക് അവന്റെ അമ്മ ഇന്ത്യയുടെ ദേശീയ ഗാനമായ ജന ഗണ മന ചൊല്ലിക്കൊടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. അതിമനോഹരമായാണ് അവൻ പാടുന്നത്. ജന ഗണ മന പാടിയതിന് ശേഷം ഒടുവിൽ അവൻ ജയ് ഹിന്ദും പറയുന്നുണ്ട്. ലോകത്താകെ ഉള്ള നിരവധി ഇന്ത്യക്കാരാണ് ഈ വിഡിയോ ഏറ്റെടുത്തത്.

Story Highlights: Air hostess mother welcomes son