“അതെന്റെ ഗുരുത്വവും പുണ്യവുമായി ഞാൻ കാണുന്നു..”; സിബി മലയിലിനെ പറ്റി ഹൃദയം തൊടുന്ന കുറിപ്പുമായി ആസിഫ് അലി

September 16, 2022

വലിയ തിരിച്ചു വരവുകൾക്കാണ് മലയാള സിനിമ ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കടുവ എന്ന ചിത്രത്തിലൂടെ ഷാജി കൈലാസും പത്തൊമ്പതാം നൂറ്റാണ്ടിലൂടെ വിനയനും ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകൻ സിബി മലയിൽ ‘കൊത്ത്’ എന്ന ചിത്രവുമായി പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.

മികച്ച അഭിപ്രായമാണ് ഇന്ന് റിലീസ് ചെയ്‌ത കൊത്ത് തിയേറ്ററുകളിൽ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്. ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ചിത്രം. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ആസിഫ് അലി സംവിധായകൻ സിബി മലയിലിനെ പറ്റി എഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നു ചേരുന്ന ചില അദ്ധ്യാപകരുണ്ട്… ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും… സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും…

അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ..സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് “കൊത്ത്.” സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്…

Read More: “ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും.” ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Asif ali about sibi malayil