“ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

September 16, 2022

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മഞ്‌ജു വാര്യറും. വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത താരങ്ങളാണ് ഇരുവരും. പ്രതിഭാധനരായ ഇരു താരങ്ങളും അവിസ്‌മരണീയമായ ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.

ഏറ്റവും മികച്ച താരങ്ങളായത് കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ പ്രേക്ഷകർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അതിൽ മിക്ക ചിത്രങ്ങളും മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളുമാണ്. ആറാം തമ്പുരാൻ, കന്മദം, ലൂസിഫർ അടക്കമുള്ള സിനിമകൾ മലയാളത്തിൽ വമ്പൻ വിജയം നേടിയ ചിത്രങ്ങളാണ്.

ഇപ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ അറിവിന്റെ വേദിയിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്‌ജു വാര്യർ. ഉത്രാട ദിനത്തിൽ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവച്ചത്.

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ടെന്നാണ് മഞ്‌ജു വാര്യർ പറയുന്നത്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കുമെന്നും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറുമെന്നും മഞ്‌ജു കൂട്ടിച്ചേർത്തു.

Read More: “ഭാവിയിൽ മണി രത്‌നം സാറൊക്കെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു..”; പ്രതീക്ഷകൾ പങ്കുവെച്ച് സിജു വിൽസൺ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Manju warrier shares memories of acting with mohanlal