ബിലാലിൽ മമ്മൂട്ടിക്കൊപ്പമുണ്ടോ..; ചോദ്യത്തോട് പ്രതികരിച്ച് ദുൽഖർ സൽമാൻ

September 19, 2022

ഒരു പക്ഷെ മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ‘ബിലാൽ.’ അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് കൊവിഡ് വരുന്നത്. വിദേശ രാജ്യങ്ങളിലടക്കം ഷൂട്ടിംഗ് പ്ലാൻ ചെയ്തിരുന്നത് കൊണ്ട് തന്നെ ചിത്രം തൽക്കാലത്തേക്ക് നിർത്തി വയ്‌ക്കേണ്ടി വന്നു. കൊവിഡിന്റെ പ്രശ്നങ്ങളൊക്കെ പതുക്കെ മാറി വരുന്നത് കൊണ്ട് തന്നെ ഇപ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെ ചോദിക്കുന്ന ചോദ്യവും ബിലാൽ എന്ന് തുടങ്ങുമെന്നതാണ്.

എന്നാലിപ്പോൾ ദുൽഖർ സൽമാൻ ബിലാലിനെ പറ്റിയുള്ള ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ചർച്ചാവിഷയമാവുന്നത്. ബിലാലിൽ മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചുണ്ടാവും എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ദുൽഖർ ബിലാലിലുണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

“ബിലാലി’ല്‍ മമ്മൂട്ടിയുമായി സ്‍ക്രീൻ സ്‍പേസ് പങ്കിടുന്നുവെന്ന അഭ്യൂഹം താനും കേട്ടിട്ടുണ്ട്. എന്നാല്‍ അത് എവിടെനിന്ന് വരുന്നതാണ് എന്ന് അറിയില്ല. തന്റെ അച്ഛന്റെ വിജയകരമായ ഒരു സിനിമയുടെ തുടര്‍ച്ചയാണ് ഇത്. അതിനാല്‍ സ്‍ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ. ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ യോജിച്ച ആളുകള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്. അത് സംഭവിക്കുകയാണെങ്കില്‍ മഹത്തരമായിരിക്കും. ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ”- ദുൽഖർ പറഞ്ഞു.

Read More: അച്ഛന്റെ ടീഷർട്ടിൽ തിളങ്ങി ഒരു കുഞ്ഞു സുന്ദരി- മകളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

അതേ സമയം ബിലാലിന് പകരം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച ‘ഭീഷ്‌മപർവ്വം’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

Story Highlights: Dulquer salman reply to whether he is in bilal