“എന്തൊരു കരുതലാണീ ആനയ്ക്ക്..”; ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങി വരുന്ന ആന, വീടിന് കേടു പാടുണ്ടാവാതിരിക്കാൻ അതീവ ശ്രദ്ധ-വിഡിയോ

September 14, 2022

ഇഷ്‌ടപ്പെട്ട ഭക്ഷണത്തിന്റെ മണം വന്നാൽ പിന്നെ കൊതിയടക്കി നിൽക്കാൻ ആർക്കും കഴിയില്ല. അതീവ രുചികരമായ ആവി പറക്കുന്ന ഭക്ഷണത്തിന് മുൻപിൽ ആരായാലും വീണു പോവും. അതിന് മനുഷ്യരെന്നോ മൃഗങ്ങളെന്നോ ഭേദമില്ല.

തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

”പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം തടസ്സങ്ങള്‍ ഒന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. തന്റെ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍”- ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത നന്ദ കുറിച്ചു.

രസകരവും കൗതുകമുണർത്തുന്നതുമായ ഇത്തരം വിഡിയോകളൊക്കെ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സ്രാവുമായി മൽപ്പിടുത്തം നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണ് നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയത്. വിഡിയോയിലെ ദൃശ്യങ്ങൾ കാണുമ്പോൾ കടലിലേക്ക് തിരികെ പോവാൻ ശ്രമിക്കുന്ന സ്രാവുമായി മൽപ്പിടുത്തം നടത്തി അതിനെ തിരികെ കരയിലേക്ക് എത്തിക്കാൻ യുവാവ് ശ്രമിക്കുന്നത് പോലെ തോന്നും.

Read More: ‘ജന ഗണ മന’ ഈണത്തിൽ പാടി കൊറിയൻ കുരുന്ന്; പഠിപ്പിച്ചത് അമ്മ-വിഡിയോ

എന്നാൽ യാഥാർഥ്യം മറ്റൊന്നാണെന്നാണ് കണ്ടു നിന്ന ആളുകൾ പറയുന്നത്. സ്രാവിനെ സ്വതന്ത്രമായി അഴിച്ചു വിടാനാണ് അയാൾ ശ്രമിക്കുന്നത്. അയാൾ മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അബദ്ധത്തിൽ സ്രാവ് കുടുങ്ങിയത്. അയാൾ അതിനെ സ്വതന്ത്രനാക്കി വെള്ളത്തിലേക്ക് വിടാൻ ശ്രമിക്കുകയായിരുന്നു. അയാൾ ഇതിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ പതിഞ്ഞത്.

Story Highlights: Elephant at home viral video