“വാടാ..”; ചിരഞ്ജീവിയുടെ ആക്ഷൻ രംഗങ്ങളുമായി തെലുങ്ക് ലൂസിഫറിലെ ഗാനമെത്തി…

September 27, 2022

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിരഞ്ജീവിയുടെ ‘ഗോഡ്‌ഫാദർ.’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അതൊക്കെ ഏറ്റെടുത്തത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. “നജഭജ..” എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. മലയാളത്തിലെ “കടവുളേ പോലെ..” എന്ന് തുടങ്ങുന്ന ഗാനത്തിന് പകരമുള്ള തെലുങ്ക് ഗാനമാണിത്. ചിരഞ്ജീവിയുടെ മികച്ച ആക്ഷൻ രംഗങ്ങൾ ഗാനത്തിലുണ്ടെന്നാണ് ലിറിക്കൽ വിഡിയോ നൽകുന്ന സൂചന.

അതേ സമയം ചിരഞ്‌ജീവിയുടെ പിറന്നാളിന് ആരാധകർക്കുള്ള സമ്മാനമായി ഗോഡ്‌ഫാദറിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരുന്നു. ലൂസിഫറിന്റെ റീമേക്കിനായി മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് അറിയാൻ കഴിയുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ നയൻ താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

Read More: പ്രഭുവിനെ അനുകരിച്ച് ജയറാം; ചിരിയടക്കാനാവാതെ രജനീകാന്തും മണി രത്നവും-വിഡിയോ

മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സംവിധായകരുടെ പേരുകൾക്ക് ശേഷമാണ് ചിത്രം മോഹൻ രാജയിലേക്ക് എത്തുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയത്.

Story highlights: Godfather lyrical video released