“ഒറ്റ വാക്കിൽ അതിഗംഭീരം..”; പത്തൊമ്പതാം നൂറ്റാണ്ടിന് പ്രശംസയുമായി ഗിന്നസ് പക്രു, മറുപടി നൽകി സംവിധായകൻ വിനയൻ
പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി ഒരേ പോലെ ഏറ്റു വാങ്ങി വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്.’ സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. തിരുവോണ ദിനത്തിൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ മായാജാലം തീർക്കുകയാണ്.
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത ‘അത്ഭുത ദ്വീപ്’ എന്ന ചിത്രത്തിലെ നായകൻ കൂടിയായിരുന്നു താരം. പത്തൊമ്പതാം നൂറ്റാണ്ട് മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക് സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് എന്നാണ് ഗിന്നസ് പക്രു അഭിപ്രായപ്പെടുന്നത്.
“പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു…..ഒറ്റ വാക്കിൽ അതിഗംഭീരം.! മാറിടത്തിനും മീശയ്ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകൻ്റെ ടൈറ്റിൽ കണ്ടു തിയറ്റർ വിടുന്ന കാഴ്ച്ച. മലയാളത്തിന് ഒരു മാസ് നായകൻ കൂടി സിജു. വിൽസൺ…എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി…. നിർമ്മാതാവും നടനുമായ ഗോകുലം ഗോപാലൻ സാറിനും മറ്റു സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എടുത്ത് പറയേണ്ടത് ക്യാമറയാണ്… അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ വിനയൻ സർ കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം…. “പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സർ -ൻ്റെ മാജിക്ക്, വേലായുധ പണിക്കരിലും നങ്ങേലി യിലും മാത്രമല്ല എല്ലാ കഥാപാത്രങ്ങളിലും കാണാം”…. എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ സാറിൻ്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി…. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി…… പത്തൊമ്പതാം നൂറ്റാണ്ട്” -ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചു.
താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ സംവിധായകൻ വിനയൻ മറുപടിയും നൽകിയിട്ടുണ്ട്. “ഗജരാജ കില്ലാഡി ഗിന്നസ് പക്രുവിന് നന്ദി” എന്നാണ് വിനയൻ കമന്റ്റ് ചെയ്തത്.
Story Highlights: Guinnespakru praise for pathonpatham noottandu