“ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി..”; കോലിക്ക് ജേഴ്‌സി സമ്മാനിച്ച് ഹോങ്കോങ് ടീം, ചിത്രം പങ്കുവെച്ച് താരം

September 2, 2022

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ അർധ സെഞ്ചുറി നേടി മികച്ച തിരിച്ചു വരവാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി നടത്തിയത്. തനിക്കെതിരെ നാളുകളായി ഉയർന്നു കേൾക്കുന്ന വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുകയായിരുന്നു താരം. ഈ ഏഷ്യ കപ്പിലെ ആദ്യ ഫിഫ്റ്റി കൂടിയാണ് മുൻ ഇന്ത്യൻ നായകനായ കോലി നേടിയിരിക്കുന്നത്.

മത്സരശേഷം ഹോങ്കോങ് ടീം കോലിക്ക് ജേഴ്‌സി സമ്മാനിച്ചിരുന്നു. ഹൃദ്യമായ ഒരു കുറിപ്പോടെയാണ് ടീം കോലിക്ക് ജേഴ്‌സി സമ്മാനിച്ചത്. “വിരാട്, ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി. ഞങ്ങൾ താങ്കളുടെയൊപ്പം നിൽക്കുന്നു. വളരെ മികച്ച ഒട്ടേറെ ദിനങ്ങൾ താങ്കളെ കാത്തിരിക്കുന്നു.” കോലിക്ക് സമ്മാനിച്ച ജേഴ്‌സിയിൽ ഹോങ്കോങ് ക്രിക്കറ്റ് ടീം കുറിച്ചു.

ഇതിന് ശേഷം ഹോങ്കോങ് ക്രിക്കറ്റ് ടീമിന് നന്ദി പറഞ്ഞു കൊണ്ട് കോലി ജേഴ്‌സിയുടെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരുപാട് മധുരമുള്ള സമ്മാനമാണിതെന്ന് കുറിച്ച് കൊണ്ടാണ് കോലി ചിത്രം പങ്കുവെച്ചത്.

അതേ സമയം ഹോങ്കോങിനെതിരെ 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ടി 20 കരിയറിലെ മുപ്പത്തിയൊന്നാമത്തെ അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പമെത്തി.

Read More: ഐഎസ്എൽ മത്സരക്രമം പുറത്തു വന്നു; ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും

താൻ ഫോമിലേക്ക് തിരികയെത്തിയെന്നുള്ള സൂചന നേരത്തെ തന്നെ കോലി നൽകിയിരുന്നു. ഏഷ്യ കപ്പിനായുള്ള പരിശീലന സെഷനിൽ കോലി ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അടിച്ചുപറത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ കോലിയുടെ ഫോമിൽ പ്രതീക്ഷ വെച്ച് തുടങ്ങിയത്.

Story Highlights: Hong kong cricket team gifts jersey to kohli