അനുഭൂതികളുടെ മൂകാംബിക; കുടുംബസമേതമുള്ള യാത്രാചിത്രങ്ങളുമായി ജയസൂര്യ

September 7, 2022

സിനിമയുടെ തിരക്കിലേക്ക് ചേക്കേറുന്നതിനു മുൻപ് യാത്രകളിലാണ് ജയസൂര്യ. എല്ലാവർഷവും ഇടവേളകളിൽ കുടുംബസമേതം യാത്രകൾ നടത്താറുണ്ട് ജയസൂര്യ. ഇത്തവണ മുകാംബികയുടെ മണ്ണിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോഴിതാ, യാത്രാവിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടൻ.

‘ജാതി മത ഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി. ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന സന്നിധി. അറിവിന്റെ ഭൂമി.അറിവ് അറിവാകുന്നത് അനുഭവിക്കുമ്പോഴാണ്. അനുഭൂതികളുടെ മൂകാംബിക’- ജയസൂര്യ കുറിക്കുന്നു.

അതേസമയം, സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജയസൂര്യയെപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യയും ഡിസൈനറുമായ സരിത. ജയസൂര്യയുടെ സിനിമാജീവിതത്തിന് എല്ലാവിധ പിന്തുണയും സരിതയാണ്.

കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന ജയസൂര്യ ഭാര്യ സരിതയുടെ സഹായമില്ലാതെ കുടുംബം നന്നായി മുന്നോട്ട് പോകില്ലായിരുന്നു എന്ന് അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Read Also: രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിൽ പുന്നമട കായൽ; തത്സമയ പ്രത്യേക പരിപാടിയുമായി ട്വന്റിഫോർ ന്യൂസ്

ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജയസൂര്യ സിനിമാലോകത്തേക്ക് എത്തിയത്. തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്.

Story highlights- jayasurya about mukambika trip