‘കാപ്പ’ ഷൂട്ടിംഗ് പൂർത്തിയായി; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

September 16, 2022

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്.

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. മാസ്സ് ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരെയും ചിത്രത്തിൽ കാണാം.

കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: “ഒന്ന് ക്ഷമിക്കണം ബ്രോ..”; പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ റിലീസിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൺസ് പുത്രൻ

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Kappa shooting completed