“ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി, അതാണ് എന്റെ ചേട്ടൻ..”; സൂര്യയ്ക്ക് മനസ്സ് തൊടുന്ന കുറിപ്പുമായി കാർത്തി

September 6, 2022

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. ഭാഷാഭേദമന്യേയാണ് അദ്ദേഹത്തിന് ആരാധക വൃന്ദമുള്ളത്. ഇപ്പോൾ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സൂര്യ. സിനിമ മേഖലയിലും പുറത്തുമുള്ള നിരവധി ആളുകളാണ് സൂര്യയ്ക്ക് ആശംസകളുമായി രംഗത്ത് വന്നത്.

എന്നാൽ തമിഴ് സൂപ്പർ താരവും സൂര്യയുടെ ഇളയ സഹോദരനുമായ കാർത്തി സൂര്യയ്ക്ക് വേണ്ടി എഴുതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ചേട്ടനെ പറ്റി അഭിമാനകരമായ വാക്കുകളാണ് അദ്ദേഹം കുറിച്ചത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഒരു ബാല്യകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് കാർത്തി കുറിപ്പ് പങ്കുവെച്ചത്.

“സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കാനാണ് എല്ലായ്‌പ്പോഴും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപ്പോന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മനസ്സിന്റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്‍റെ ജ്യേഷ്ഠന്‍”- ചിത്രം പങ്കുവെച്ചു കൊണ്ട് കാർത്തി കുറിച്ചു.

Read More: ജന്മദിന സമ്മാനമായി കുട്ടികൾക്ക് സൈക്കിൾ നൽകി മമ്മൂട്ടി; സമ്മാനിച്ചത് 100 ഓളം സൈക്കിളുകൾ

അതേ സമയം 1997-ൽ ഇതേ ദിവസം (സെപ്റ്റംബർ 6) വസന്ത് സംവിധാനം ചെയ്ത ‘നേർക്കുനേർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയലോകത്തേക്ക് എത്തിയത്. ഈ 25 വർഷത്തിനിടയിൽ വലിയൊരു ആരാധകവൃന്ദം നേടിയ നടനാണ് സൂര്യ. കേരളത്തിലും വലിയ ആരാധകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റെ കരിയർ നിരവധി അഭിനേതാക്കൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. “ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!”, സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ നടൻ കുറിച്ചു.

Story Highlights: Karthi pens a heartfelt note for surya