എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങൽ; കേരള സന്ദർശനത്തിന്റെ ഓർമ്മകളിൽ മലയാളികൾ…

September 9, 2022

70 വർഷങ്ങളോളം ബ്രിട്ടന്റെ ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞി ഇന്നലെ വിട വാങ്ങി. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എലിസബത്ത്. ബ്രിട്ടന്റെ ഒരു യുഗത്തിന് കൂടിയാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

ബ്രിട്ടൻ കണ്ണീരോടെ രാജ്ഞിക്ക് വിട ചൊല്ലുമ്പോൾ ഇങ്ങ് കേരളക്കരയിൽ മലയാളികൾക്കുമുണ്ട് രാജ്ഞിയെ പറ്റിയുള്ള ചില നല്ല ഓർമ്മകൾ. 1997 ഒക്‌ടോബർ 17 നാണ് എലിസബത്ത് രാജ്ഞി കേരളം സന്ദർശിച്ചത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി മാറി.

ഇന്ത്യയിലെത്തിയപ്പോൾ എലിസബത്ത് രാജ്ഞിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവർണർ സുഖ്‌ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്.

Read More: കണ്ണീരണിഞ്ഞ് സിജു വിൽ‌സൺ; പ്രേക്ഷകരുടെ കൈയടി നേടി ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുന്നു-വീഡിയോ

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സും കേരള ആംഡ് പൊലീസും ചേർന്നാണ് അന്ന് റോഡുകൾ തടഞ്ഞ് അവർക്ക് സുരക്ഷയൊരുക്കിയത്. സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു.

Story Highlights: Keralites remember queen elizabeth kerala visit